കൊച്ചി: സംസ്ഥാനത്തെ ചില സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും സൗജന്യ യൂണിഫോം വിതരണം പൂര്‍ത്തിയായില്ല; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍. തുണി ലഭിക്കുന്നതിലും തയ്യല്‍ പൂര്ത്തിയാകുന്നതിലുമുള്ള കാലതാമസമാണു കാരണമെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
സ്കൂള്‍ യൂണിഫോമിനുള്ള തുണി പല തവണകളായാണുലഭിക്കുന്നതെന്നാണ് അധ്യാപകരുടെ പരാതി. പഠനസമയം നഷ്ടപ്പെടുത്തിയാണു പ്രധാനാധ്യാപകര്‍ തുണിയെടുക്കാന്‍ വിദൂരങ്ങളിലുള്ള വിതരണ കേന്ദ്രങ്ങളില്‍ പോകുന്നത്. മുന്‍വര്‍ഷങ്ങളിലും ഈ ബുദ്ധിമുട്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ലെന്ന് അധ്യാപകര്‍ പറയുന്നു.
അതേസമയം, യൂണിഫോം വിതരണ നടപടികള്‍ പുരോഗമിക്കുകയാണെന്നും എത്രയും വേഗം ലഭ്യമാക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. യൂണിഫോം അലവന്‍സ് ലഭിക്കേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവര ശേഖരണത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ നടപടി ആരംഭിച്ചിട്ടുണ്ട്.
സൗജന്യ യൂണിഫോം പദ്ധതി രണ്ടു തലങ്ങളായാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയും എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയും ക്ലാസുകളിൽ സൗജന്യമായി കൈത്തറി യൂണിഫോം തുണി നല്കുമ്പോൾ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ അഞ്ചു വരെയും അഞ്ചു മുതല്‍ ഏഴു വരെയുള്ള കുട്ടികൾക്കും ഒന്നു മുതല്‍ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും യൂണിഫോം അലവന്‍സാണ് നല്‍കുന്നത്.